ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള രണ്ടു പഞ്ചായത്തുകളില്‍ ഒന്നാണ് കുളത്തൂപ്പുഴ.ഈ പഞ്ചായത്തിന്റെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും, തെക്ക് തിരുവനന്തപുരം ജില്ലയും, പടിഞ്ഞാറ് അലയമണ്‍, ഏരൂര്‍ പഞ്ചായത്തുകളും വടക്ക് തെന്മല, ആര്യന്‍കാവ് എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. കാനനചാരുത പകരുന്ന നിത്യഹരിത വനങ്ങളും കുന്നുകളും താഴ്വരകളും തടാകങ്ങളും കൊണ്ട് മനോഹരമായ ഭൂപ്രദേശമാണ് കുളത്തൂപ്പുഴ. കല്ലട, കഴുതുരുട്ടി, ശെന്തുരുണി തുടങ്ങിയ ആറുകളും കുന്നിമാന്‍ തോടുകളും ദ്വീപുകളും ഉപദ്വീപുകളും കൊണ്ട് മനോഹരമായ മീന്‍മുട്ടി, സഹ്യാദ്രിയുടെ മടിത്തട്ടില്‍ കഴിയുന്ന ശംഖിലി വനങ്ങള്‍, കട്ടിളപ്പാറ, പള്ളംവെട്ടി, മാമൂട്, പള്ളിവാസല്‍, ഹനുമാന്‍കുന്ന് കൂടാതെ റോസാപ്പൂവിന്റെ ഇതളുകള്‍ പോലെ മനോഹരമായ റോസുമലയിലെ മലമടക്കുകളും ശെന്തുരുണി വന്യമ്യഗസംരക്ഷണ കേന്ദ്രവും ചേര്‍ന്ന ഒട്ടനേകം സവിശേഷതകളുള്ള പ്രദേശമാണ് കുളത്തൂപ്പുഴ. ശെന്തുരുണി എന്ന പേര് കിട്ടുവാനുള്ള കാരണം ശെങ്കുറിഞ്ഞി എന്ന വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന പ്രദേശമായതിനാലാണ്. പകല്‍ സമയങ്ങളില്‍ പോലും സൂര്യകിരണങ്ങള്‍ മണ്ണില്‍ പതിക്കാത്ത ഇടതൂര്‍ന്ന വനപ്രദേശങ്ങള്‍, അത്യപൂര്‍വ്വമായ ചീവിട് പക്ഷികളുടെ സാന്നിദ്ധ്യവും കര്‍ണ്ണമധുര ശബ്ദങ്ങളും അമൂല്യമായ നീലക്കൊടുവേലി തുടങ്ങി ഔഷധ സസ്യങ്ങള്‍, ഈറക്കാടുകള്‍, മ്ളാവ്, പുള്ളിമാന്‍, ആന, കൂരങ്ങന്‍, കാട്ടുപന്നി, കാട്ടുപോത്ത്, മുള്ളന്‍പന്നി, കടുവ, കരടി, കലമാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍, മയില്‍, വേഴാമ്പല്‍, വെള്ളരിപ്രാവ് തുടങ്ങിയ അപൂര്‍വ്വപക്ഷികള്‍, ക്ഷേത്രക്കടവിലെ തിരുമക്കള്‍ (മത്സ്യം) എന്നിവയും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്. കുളത്തൂപ്പുഴ ആറിന്റെയും കല്ലടയാറിന്റേയും പുഷ്ടിപ്രദേശങ്ങളില്‍ ഏറിയ പങ്കും ഉള്‍പ്പെടുന്ന കുളത്തൂപ്പുഴ പഞ്ചായത്ത് കേരളത്തിലെ മലനാട് ഉള്‍പ്പടുന്ന മേഖലയിലാണ്. കേരളത്തില്‍ വിസ്തീര്‍ണ്ണം കൊണ്ട് 8-ാം സ്ഥാനത്തും കൊല്ലം ജില്ലയില്‍ ഒന്നാം സ്ഥാനത്തും നില്‍ക്കുന്ന പഞ്ചായത്താണ് കുളത്തൂപ്പുഴ. ആദ്യകാലത്ത് കുളത്തൂപ്പുഴ പഞ്ചായത്ത് ഏരൂര്‍ പഞ്ചായത്തില്‍ ചേര്‍ന്നു കിടക്കുകയായിരുന്നു. ആസ്ഥാനം കുളത്തൂപ്പുഴയായിരുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പഞ്ചായത്താണ് കുളത്തൂപ്പുഴ. കിഴക്കതിര് സഹ്യനെ തലോടിയും സഹ്യസാനുക്കളില്‍ ഉള്‍പ്പെട്ട ശംഖിലിവനത്തില്‍ നിന്നുത്ഭവിക്കുന്ന കല്ലടയാറിനെ തഴുകിയും കിടക്കുന്ന ഈ പഞ്ചായത്തില്‍ തമിഴ് ആദിവാസി തുടങ്ങീ എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമിച്ച് തോളോട് തോളുരുമ്മി താമസിക്കുന്നു. കുളന്തയായ കുഞ്ഞയ്യപ്പനെ കണ്ടെടുത്ത പുഴ എന്ന അര്‍ത്ഥത്തില്‍ കുളന്തപ്പുഴ എന്ന പേര്‍ ഈ പ്രദേശത്തിന് ഉണ്ടായി. അതിന് രൂപഭേദം വന്ന് കുളത്തൂപ്പുഴയായിത്തീര്‍ന്നു. പുരാതനകാലം മുതല്‍ പ്രശ്സതമായ കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കുളത്തൂപ്പുഴ എന്ന പേര്‍ പറയുന്നത്.
സ്ഥലനാമ ചരിത്രം
‘കുളന്തപ്പുഴ’ എന്ന പേരില്‍ നിന്നുമാണ് കുളത്തൂപ്പുഴയുണ്ടായത്. കുളന്ത എന്നാല്‍ കുഞ്ഞ്. കുളന്തയായ കുഞ്ഞയ്യപ്പനെ കണ്ടെടുത്ത പുഴ എന്ന അര്‍ത്ഥത്തില്‍ കുളന്തപ്പുഴ എന്ന പേര്‍ ഉണ്ടായി. അതിന് രൂപഭേദം വന്ന് കുളത്തൂപ്പുഴയായിത്തീര്‍ന്നു. പുരാതനകാലം മുതല്‍ പ്രശ്സതമായ കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കുളത്തൂപ്പുഴ എന്ന പേര്‍ പറയുന്നത്. പണ്ട് താഴെമണ്‍ തന്ത്രിയും പരികര്‍മ്മിയും തമിഴ്നാട്ടില്‍ നിന്ന് മലവഴി കുളത്തൂപ്പുഴയില്‍ എത്തി കല്ലടയാറിന്റെ തീരത്ത് വിശ്രമിക്കുകയും ഭക്ഷണം പാചകം ചെയ്യുന്നതിനായി അടുത്തുണ്ടായിരുന്ന ഒരു വീട്ടിലേക്ക് പരികര്‍മ്മിയെ അയച്ച് എന്തെങ്കിലും കിട്ടുമോ എന്നന്വേഷിക്കുകയും ചെയ്തു. അന്നത്തെ ഗൃഹനാഥന്‍ പാത്രങ്ങളും, പച്ചരി, നാളീകേരം എന്നിവയും ഇന്നത്തെ ക്ഷേത്രക്കടവില്‍ എത്തിച്ചു. അദ്ദേഹം ആറ്റില്‍ നിന്നും 3 കല്ലുകള്‍ മുങ്ങിയെടുത്ത് കരയ്ക്കു നിന്നിരുന്ന ഒരു മാവിന്റെ തണലില്‍ അടുപ്പുണ്ടാക്കി. പാത്രം അടുപ്പില്‍ വച്ച് പരിശോധിക്കുമ്പോള്‍ ഒരു കല്ലിന് ഉയരക്കൂടുതല്‍ ഉള്ളതായി കണ്ടു. ആ കല്ല് വീണ്ടും കുഴിച്ച് താഴ്ത്തിയിട്ടു. പാത്രം വച്ചു നോക്കിയപ്പോള്‍ പഴയതുപോലെ ഉയരം കൂടിയതായി വീണ്ടും കണ്ടു. പലതവണ വച്ചിട്ടും ഫലം അതുതന്നെ. അദ്ദേഹം ഉയരം കൂടിയ കല്ലില്‍ മറ്റൊരു കല്ലു കൊണ്ട് ഇടിച്ചു. അപ്പോള്‍ ഉയരം കൂടിയ കല്ല് കഷണങ്ങളാവുകയും രക്തപ്രവാഹമുണ്ടാകുകയും ഇടിച്ച ആള്‍ ബോധരഹിതനാകുകയും ചെയ്തു. ഇദ്ദേഹത്തെ തലയിടിച്ച കുറുപ്പ് എന്നാണ് പില്‍ക്കാലത്ത് അറിയപ്പെട്ടത്. പരികര്‍മ്മി കുളിച്ചു കൊണ്ടു നിന്ന തന്ത്രിയെ വിവരം അറിയിക്കുകയും തന്ത്രി ആറ്റില്‍ നിന്ന് വെള്ളവുമായി വന്ന് മന്ത്രോച്ഛാരണങ്ങളോടു കൂടി ശിലാകഷണങ്ങള്‍ ശുദ്ധി ചെയ്ത് ചേര്‍ത്ത് വച്ച് പഴയ ശിലയുടെ രൂപമാക്കി. ചൂരല്‍ കീറി കെട്ടി താല്ക്കാലികമായി ഒരു കൂരയുണ്ടാക്കി അവിടെ സ്ഥാപിക്കുകയും ചെയ്തു. വെള്ളം മുഖത്ത് തളിച്ച് ബോധം വീണുകിട്ടിയ ഗൃഹനാഥനെ വിളക്ക് കത്തിക്കുന്നതിന് ചുമതലപ്പെടുത്തി. തന്ത്രി മേല്‍ കണ്ട കാര്യങ്ങള്‍ ഇളയിടത്ത് രാജാവിനെ അറിയിക്കുകയും ക്ഷേത്രവും പ്രതിഷ്ഠയും രാജകുടുംബത്തില്‍ നിന്നും നടത്തുകയും ചെയ്തു. 9 (ഒന്‍പത്) കഷണങ്ങളായ ആ ശില തന്നെയാണ് ഇപ്പോഴും കുളത്തൂപ്പുഴ ക്ഷേത്രത്തിലെ വിഗ്രഹം. കുളത്തൂപ്പുഴയിലെ ആദിമനിവാസികള്‍ ആദിവാസികളായിരുന്നു. ഠൌണ്‍ ഭാഗത്ത് സ്ക്കൂളും സത്രവും എല്ലാം ഉണ്ടായിരുന്നു. ഈ പ്രദേശം സൂര്യോട്ടുകാണിക്കുടി എന്നാണ് അറിയപ്പെട്ടിരുന്നത്. ഈറ ഇലയും പുല്ലും കൊണ്ട് മേഞ്ഞ മനോഹരമായ കുടിലുകളിലായിരുന്നു ഇവരുടെ താമസം. രാജഭരണകാലത്ത് ശ്രീമൂലം തിരുനാള്‍ സുഖവാസത്തിനായി കുറ്റാലത്ത് എത്തി. വനത്തിലൂടെയുള്ള നടപ്പാതയിലൂടെയായിരുന്നു യാത്ര. യാത്രാമദ്ധ്യേ കുളത്തൂപ്പുഴ സത്രത്തില്‍ വിശ്രമിക്കുകയും ചെയ്തിരുന്നു. രാമയ്യന്‍ ദളവായുടെ കാലത്ത് നെടുമങ്ങാട്-ചെങ്കോട്ട റോഡ് തെളിക്കുവാന്‍ തുടങ്ങിയതോടെ മാറ്റത്തിനു തുടക്കമായി. ബസ്സ് സര്‍വ്വീസ് വരികയും ഠൌണ്‍ പ്രദേശത്ത് തളിത്തരി വംശജര്‍ വന്ന് കാട് വെട്ടിതെളിച്ച് താമസിക്കുകയും ചെയ്തതോടെ ആദിവാസികള്‍ പിന്‍വാങ്ങുകയും ചെയ്തു. അതോടെ ഈ പ്രദേശത്തിന് തളിക്കരിക്കം എന്ന പേര് ലഭിച്ചു. ഗണപതി ക്ഷേത്രം മുതല്‍ പടിഞ്ഞാറു ഭാഗത്തു കാണുന്ന പ്രദേശത്തിന് കാസിംപിള്ളകരിക്കം എന്ന പേരുണ്ട്. കാരണം കാസിംപിള്ള എന്ന ആള്‍ വെട്ടിതെളിച്ച് കൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു അത്. കൂടാതെ കുമരംകരിക്കം, അയ്യപ്പന്‍പിള്ള കോങ്കല്‍, ആറ്റിനു കിഴക്കേക്കര എന്നീ ഭാഗങ്ങളും ഇന്നത്തെ കുളത്തൂപ്പുഴയുടെ ഭാഗങ്ങളാണ്. കുളത്തൂപ്പുഴ പഴയ കാലത്ത് തേയില തോട്ടങ്ങളുടെ നാടായിരുന്നു. കല്ലാര്‍, 8 ഏക്കര്‍,റോക്ക് വുഡ്,ശെന്തുറുണി എന്നിവിടങ്ങളില്‍ തേയില എസ്റ്റേറ്റുകളുണ്ടായിരുന്നു. ഗവണ്‍മെന്റില്‍ നിന്നും 100 കൊല്ലത്തേക്ക് പാട്ടം വ്യവസ്ഥയില്‍ സ്ഥലമെടുത്ത് തോട്ടമാക്കിയതാണ്. എച്ച്.ഒ.മര്‍ഫി, ലെസിലി എന്നീ സായ്പന്‍മാരായിരുന്നു ഉടമകള്‍. ഇപ്പോഴത്തെ കെ. ഐ.പി ഡാം ഏരിയാകളില്‍ കരിമ്പിന്‍ തോട്ടവുമുണ്ടായിരുന്നു. തൊഴില്‍ സമരങ്ങളെ തുടര്‍ന്ന് തോട്ടങ്ങള്‍ അന്യാധീനപ്പെട്ടു. ശാസ്താക്ഷേത്രത്തിന്റെ കിഴക്കുവശത്തു കൂടി 6-ാം നമ്പര്‍, മാമൂട്, റോസുമല, ദര്‍ഭക്കുളം വഴി കണ്ണമ്പള്ളിമേട്, ചെങ്കോട്ട് എന്നിവിടങ്ങളിലേക്ക് വനത്തില്‍ കൂടി ഒറ്റയടിപാത ഉള്ളതായി കാണാം. പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ പലരും ഒളിവില്‍ കുളത്തൂപ്പുഴയില്‍ കഴിഞ്ഞിട്ടുണ്ട്. തോപ്പില്‍ ഭാസി, കടയ്ക്കല്‍ ഫ്രാങ്കോ, എം.എന്‍. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ താമസിച്ചതായി രേഖകളുണ്ട്. കൂടാതെ ബുദ്ധ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കല്ലുപച്ച, കടമാന്‍കോട്, മൊട്ടലൂംമൂട് എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇപ്പോള്‍ വില്ലുമല ട്രൈബല്‍സ്ക്കൂള്‍ നില്‍ക്കുന്ന ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്‍പാത്രങ്ങളും തറയോടുകളും കണ്ടെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ചു പുരാവസ്തു വകുപ്പ് പഠനം നടത്തി വരുന്നു. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് കുളത്തൂപ്പുഴയില്‍ ആന പിടുത്തം ഉണ്ടായിരുന്നു. മണ്ണില്‍ കുഴിയുണ്ടാക്കി കുഴിയില്‍ വീഴുന്ന ആനകളെ പിടിച്ച് തടി കൊണ്ട് ആനക്കൂടുണ്ടാക്കി മെരുക്കിയിരുന്നു. ഇതുകാണാനും ആകര്‍ഷകമായിരുന്നു. പില്‍ക്കാലത്ത് ആന പിടുത്തം നിര്‍ത്തി. അതിനുസമീപത്തുള്ള ക്ഷേത്രവും പാലവും ഇപ്പോഴും ആനക്കൂട് ക്ഷേത്രം, ആനക്കൂട് പാലം എന്നാണ് അറിയപ്പെടുന്നത്. കുളത്തൂപ്പുഴയില്‍ 200 വര്‍ഷത്തെ പഴക്കമുള്ള പള്ളി ചന്ദനക്കാവിലുണ്ട്. ചന്ദനമരങ്ങളുടെ കൂട്ടമായിരുന്ന ഈ പ്രദേശത്ത് മുസ്ളീം സാത്വികന്‍മാര്‍ വന്ന് താമസിക്കുകയും പില്‍ക്കാലത്ത് പ്രാര്‍ത്ഥനാ കേന്ദ്രമായി മാറുകയും ചെയ്തു. ജാതിമതഭേദമന്യേ ചന്ദനക്കാവു പള്ളിയില്‍ ധാരാളം പേര്‍ എത്തിക്കൊണ്ടിരിക്കുന്നു. കോഴിയെ നേര്‍ച്ച നടത്തുന്നതും പ്രധാനമാണ്. വഴിയോരത്ത് വാഹനങ്ങള്‍ നിര്‍ത്തി നേര്‍ച്ച അര്‍പ്പിച്ചു തിരി കത്തിക്കുന്ന പതിവുമുണ്ട്. 10 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ കുളത്തൂപ്പുഴയില്‍ ഉണ്ട്. മതസൌഹാര്‍ദ്ദത്തിനും സമാധാന അന്തരീക്ഷത്തിനും പേരുകേട്ട സ്ഥലമാണ് കുളത്തൂപ്പുഴ. ഇവിടെ ഹിന്ദു-മുസ്ളീം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ പരസ്പര സഹകരണത്തോടെയും ഏകോദര സഹോദരങ്ങളെപ്പോലെയും കഴിഞ്ഞു വരുന്നു.
സാമൂഹിക ചരിത്രം
ചരിത്രപരമായി വളരെയേറെ പ്രത്യേകതകള്‍ ഉണ്ടെങ്കിലും കുളത്തൂപ്പുഴ ഗ്രാമത്തെ ഉണര്‍ത്തിയതും സാക്ഷരതാ പ്രസ്ഥാനത്തിന്റെ അലയൊലികളായിരുന്നു. കേരളം ഇന്‍ഡ്യക്കും ലോകത്തിനും മാതൃക കാട്ടിയ സാക്ഷരത ഒന്നും, രണ്ടും ഘട്ടങ്ങള്‍ ഇവിടെ സജീവമായിരുന്നു. ആദിവാസി സാക്ഷരതാ സംസ്ഥാനതല പ്രഖ്യാപനത്തിനും കുളത്തൂപ്പുഴ ആതിഥ്യം വഹിച്ചു. സാക്ഷരതാ പരിപാടിയുടെ വിജയഗാഥയെക്കുറിച്ച് പഠനം നടത്തുവാന്‍ 8 വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള 33 അംഗ ഉന്നതതല വിദ്യാഭ്യാസ സംഘവും കുളത്തൂപ്പുഴയില്‍ എത്തിയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച റബ്ബര്‍ തോട്ടവും, ലാഭത്തിന്റെ കഥകള്‍ മാത്രം പറയുവാനുമുള്ള റീഹാബിലിറ്റേഷന്‍ പ്ളാന്റേഷന്‍ ശ്രീലങ്കക്കാരായ തമിഴ് വംശജരുടെ പുനരധിവാസത്തിനായി ആരംഭിച്ചതാണെങ്കിലും കുളത്തൂപ്പുഴയുടെ സാമൂഹ്യ ജീവിതത്തിന്റെയും ഉയര്‍ച്ചയുടെയും ഭാഗമായി മാറി. ഇന്ത്യയില്‍ ആദ്യമായി എണ്ണപ്പന കൃഷിയും എണ്ണയാട്ടും തുടങ്ങിയ ഓയില്‍ഫാം ഇന്ത്യ ലിമിറ്റഡിന്റെ തോട്ടങ്ങള്‍ കുളത്തൂപ്പുഴ പഞ്ചായത്തിലെ കണ്ടന്‍ചിറ, മറവന്‍ചിറ എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. കന്നുകാലി സെമണ്‍ ഉല്പാദിപ്പിക്കുന്ന ഏക സ്ഥാപനം കേരളത്തില്‍ കുളത്തൂപ്പുഴ കെ.എല്‍.ഡി ബോര്‍ഡ് യൂണിറ്റാണ്. നൈട്രജന്‍ പ്ളാന്റ്, മാതൃകാ കൃഷിതോട്ടം, സങ്കര ഇനം കാളകളുടെ വിന്യാസം ഇവകൊണ്ട് കെ.എല്‍.ഡി ബോര്‍ഡ് കുളത്തൂപ്പുഴയില്‍ പ്രത്യേകതയര്‍ഹിക്കുന്നു. അത്യപൂര്‍വ്വമായ അമൂല്യമരുന്നുകളുടെ കലവറയായ മെഡിസിന്‍ പ്ളാന്റേഷന്‍ കുളത്തൂപ്പുഴയുടെ ഹൃദയാന്തര്‍ഭാഗത്താണ്. 300 ഓളം പുഷ്പ്പിക്കുന്ന സസ്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ജില്ലയിലെ ആദിവാസികളില്‍ ഭൂരിഭാഗത്തിന്റെയും വാസസ്ഥാനവും കുളത്തൂപ്പുഴയാണ്. കാര്‍ഷിക പഞ്ചായത്തായ കുളത്തൂപ്പുഴയില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, തേയില, എണ്ണപ്പന, ഓറഞ്ച് എന്നീ കൃഷികളും സമ്മിശ്ര കാലാവസ്ഥ കൊണ്ട് അനുഗ്രഹീതമായതുകൊണ്ട് വിവിധ കാലാവസ്ഥകളില്‍ വിളയുന്ന കുരുമുളകുമുണ്ട്. നെല്‍കൃഷി തകര്‍ച്ചയിലാണ്. ഈ പഞ്ചായത്തിലേക്ക് ആവശ്യമായ നെല്ലിന്റെ 75% ഉല്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ റബ്ബര്‍ കൃഷി വ്യാപിച്ചിട്ടുണ്ട്. വ്യാവസായിക മേഖലയിലും തളര്‍ച്ച ഉണ്ടായിട്ടുണ്ട്. കുളത്തൂപ്പുഴയുടെ സാമൂഹ്യ സാമ്പത്തിക നില ഉയര്‍ത്തുന്നതില്‍ സ്വാധീനം ചെലുത്തിയിരുന്ന പുനലൂര്‍ പേപ്പര്‍മില്‍ പൂട്ടിയതോടെ തളര്‍ച്ചയുണ്ടായി. ഈറ വെട്ടുന്നതിനും കയറ്റുന്നതിനും തൊഴിലാളികള്‍ക്ക് ജോലി കിട്ടിയിരുന്നതിലുപരി അനവധി കുടുംബങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്തു. കുളത്തൂപ്പുഴ പഞ്ചായത്ത് സമിതി അംഗമായിരുന്ന സാം ഉമ്മന്‍ പുനലൂര്‍ എം.എല്‍.എ ആയി 1982-84 കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അകാലനിര്യാണം പഞ്ചായത്തിന് തീരാനഷ്ടമായി മാറി. ജില്ലയില്‍ വിസ്തൃതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി പ്രത്യേകതകള്‍ നിറഞ്ഞതാണ്. മലകളും കുന്നുകളും താഴ്വരകളും കാട്ടാറുകളും നിബിഡവനങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്. ഈ പഞ്ചായത്തിന്റെ ഒരു ഭാഗമായ റോസുമല എന്ന പ്രദേശം കാനനമദ്ധ്യത്തിലാണ്. അവിടെ പോകണമെങ്കില്‍ തെന്‍മല, ആര്യന്‍കാവ് എന്നീ പഞ്ചായത്തുകളില്‍ കൂടി 19 കിലോ മീറ്റര്‍ സഞ്ചരിച്ചതിനുശേഷം ഉള്‍വനങ്ങളിലൂടെ 12 കിലോമീറ്റര്‍ കൂടി 4 വീല്‍ ജീപ്പില്‍ സഞ്ചരിക്കണം. എല്ലാ വിഭാഗം ജനങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ ഇവിടെ മാറ്റം വന്നിട്ടുണ്ട്. ജന്മിമാര്‍ ഇന്നില്ലാത്ത അവസ്ഥയാണ്. വന്‍കിട തോട്ടം ഉടമകളുടെ സ്ഥാനത്ത് 2 ഏക്കര്‍ മുതല്‍ 4 ഏക്കര്‍ വരെയുള്ള കര്‍ഷകര്‍ക്കാണ് ഇന്ന് സ്ഥാനം. കര്‍ഷകത്തൊഴിലാളികള്‍ക്കും ചെറുകിടകര്‍ഷകര്‍ക്കുമെല്ലാം കൃഷി ചെയ്യുവാനും താമസിക്കുവാനും ഭൂമി ലഭിച്ചിട്ടുണ്ട്. ബഹുജന പ്രസ്ഥാനങ്ങളുടെ സജീവമായ പ്രവര്‍ത്തനങ്ങള്‍ മൂലം വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലും നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിത നിലവാരത്തിലും വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സാംസ്കാരിക ചരിത്രം
കേരളം ഇന്ത്യക്ക് മാതൃക കാട്ടിയ ആദിവാസി സാക്ഷരതാ സംസ്ഥാനതല പ്രഖ്യാപനത്തിന്റെ ആതിഥ്യവും ഭാരത സര്‍ക്കാരിന്റെ ദേശീയോദ്ഗ്രഥന ക്യാമ്പ് രണ്ടു തവണ മാതൃകാപരമായി നടത്തിയ അംഗീകാരവും പഞ്ചായത്തിനുണ്ട്. ഹൃദയം കവരുന്ന കാനന ഭംഗി, ഏതു കാലാവസ്ഥയിലും കുളിര് കോരുന്ന കുളിര്‍മ്മ, പുളകോദ്ഗമകാരികളായ കല്ലോലിനികള്‍, നയനാനന്ദകരമായ വെള്ളച്ചാട്ടങ്ങള്‍ എന്നിങ്ങനെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ചാരുതകള്‍കൊണ്ട് കുളത്തൂപ്പുഴയ്ക്ക് വിനോദസഞ്ചാര വികസന രംഗത്ത് അനന്തസാദ്ധ്യതകളാണുള്ളത്. കുന്നുകളും താഴ്വരകളും തടാകങ്ങളും കാട്ടാറുകളും പാറക്കൂട്ടങ്ങളും കൊണ്ട് സുന്ദരമായ ഈ ഭൂപ്രദേശത്തുനിന്ന് ജീവജാലങ്ങളുടെ മന്ത്രമധുരമായ ശബ്ദം ഇമ്പം പകരുന്ന ഗാനമാധുരി സദാ നിര്‍ഗളിക്കുന്ന അനുഭൂതിയാണ് നല്‍കുക. സഹ്യാദ്രിയുടെ മടിത്തട്ടില്‍ കാണുന്ന ശംഖിലി വനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പകല്‍ പോലും സൂര്യരശ്മി മണ്ണില്‍ പതിക്കാത്ത നിത്യഹരിത വനപ്രദേശമാണിത്. കഴുതുരുട്ടിയാറും കുളത്തൂപ്പുഴയാറും ശെന്തുരിണിയാറും ചേര്‍ന്നൊഴുകുന്ന കല്ലടയാറിന്റെ സംഗമസ്ഥലമായ പരപ്പാറിലെ അണക്കെട്ടും അതിനെചുറ്റിയുള്ള നിത്യഹരിത വനങ്ങളും, നീലക്കൊടുവേലിയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ്. പണ്ടുമുതലേ പ്രസിദ്ധമായ മീന്‍മുട്ടി നൂറുകണക്കിന് സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നതാണ്. കല്ലട അണക്കെട്ടു വന്നതോടെ ഇത് ഇന്ന് വലിയ തടാകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ദ്വീപുകളും ഉപദ്വീപുകളും കൊണ്ടു മനോഹരമായ ഒരു പ്രദേശമാണ് ഈ തടാകത്തിലെ മീന്‍മുട്ടി. കല്ലട ജലസേചന പദ്ധതിയുടെ കാച്ചുമെന്റ് പ്രദേശത്തെ ചുറ്റിപ്പറ്റി കിടക്കുന്ന റോസുമലയും കട്ടിളപ്പാറയും ഹനുമാന്‍ കുന്നും എല്ലാം പ്രകൃതി സുന്ദരങ്ങളാണ്. ആദിവാസികളുടെ നിഷ്കളങ്കമായ ജീവിതരീതികളും അവരുടെ തനതായ നാടോടി കലകളും കരകൌശല വസ്തുക്കളും പാട്ടും കൂത്തൂം എല്ലാം പ്രത്യേക പഠനം അര്‍ഹിക്കുന്നവയാണ്. അനേകായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ജനവാസകേന്ദ്രങ്ങളായിരുന്നു ഈ പ്രദേശത്തെ മലമടക്കുകളെന്നതിന് സാക്ഷ്യം വഹിക്കുന്ന പല കാഴ്ചകളും ഉണ്ട്. പ്രകൃതിദത്തമായ ഭക്ഷണക്രമവും പരിസ്ഥിതിക്കനുസരണമായ ജീവിത രീതികളും ആദിവാസികളെ വേര്‍തിരിക്കുന്നു. സാംസ്ക്കാരികമായ ഔന്നിത്യം അവരില്‍ കാണുവാന്‍ കഴിയും. അവരുടെ കലാരൂപങ്ങള്‍ ഈടുറ്റതാണ്. കുളത്തൂപ്പുഴ പഞ്ചായത്തിലെ ആദിമനിവാസികള്‍ ആദിവാസികളായിരുന്നു. അവര്‍ ഠൌണിനോട് ചേര്‍ന്നായിരുന്നു താമസം. കാലാന്തരങ്ങളില്‍ ഉള്‍വനങ്ങളിലേക്ക് പിന്‍വാങ്ങി. പരമ്പരാഗത ആദിവാസി വിഭാഗമായ കാണിക്കാര്‍ സമുദായമാണ് ഇവിടെ താമസം. മരക്കൊമ്പുകളില്‍ കുടിലുകള്‍ കെട്ടിയും ഈറയില മേഞ്ഞ കുടിലുകളിലും താമസിച്ചിരുന്ന ഇവര്‍ മന്ത്രവാദങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും പെട്ടവരായിരുന്നു.
കുളത്തൂപ്പുഴ പഞ്ചായത്ത് ഭൂപ്രകൃതിയില്‍ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. കാനനചാരുത പകരുന്ന നിത്യഹരിത വനങ്ങളും കുന്നുകളും താഴ്വരകളും തടാകങ്ങളും കൊണ്ട് മനോഹരമായ ഭൂപ്രദേശമാണ് കുളത്തൂപ്പുഴ. കല്ലട, കഴുതുരുട്ടി, ശെന്തുരുണി തുടങ്ങിയ ആറുകളും കുന്നിമാന്‍ തോടുകളും ദ്വീപുകളും ഉപദ്വീപുകളും കൊണ്ട് മനോഹരമായ മീന്‍മുട്ടി, സഹ്യാദ്രിയുടെ മടിത്തട്ടില്‍ കഴിയുന്ന ശംഖിലി വനങ്ങള്‍, കട്ടിളപ്പാറ, പള്ളംവെട്ടി, മാമൂട്, പള്ളിവാസല്‍, ഹനുമാന്‍കുന്ന് കൂടാതെ റോസാപ്പൂവിന്റെ ഇതളുകള്‍ പോലെ മനോഹരമായ റോസുമലയിലെ മലമടക്കുകളും ശെന്തുരുണി വന്യമൃഗസംരക്ഷണ കേന്ദ്രവും ചേര്‍ന്ന ഒട്ടനേകം സവിശേഷതകളുള്ള പ്രദേശമാണ് കുളത്തൂപ്പുഴ. ശെന്തുരുണി എന്ന പേര് കിട്ടുവാനുള്ള കാരണം ശെങ്കുറിഞ്ഞി എന്ന വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന പ്രദേശമായതിനാലാണ്. പകല്‍ സമയങ്ങളില്‍ പോലും സൂര്യകിരണങ്ങള്‍ മണ്ണില്‍ പതിക്കാത്ത ഇടതൂര്‍ന്ന വനപ്രദേശങ്ങള്‍, അത്യപൂര്‍വ്വമായ ചീവിട് പക്ഷികളുടെ സാന്നിദ്ധ്യവും കര്‍ണ്ണമധുര ശബ്ദങ്ങളും അമൂല്യമായ നീലക്കൊടുവേലി തുടങ്ങി ഔഷധ സസ്യങ്ങള്‍, ഈറക്കാടുകള്‍, മ്ളാവ്, പുള്ളിമാന്‍, ആന, കൂരങ്ങന്‍, കാട്ടുപന്നി, കാട്ടുപോത്ത്, മുള്ളന്‍പന്നി, കടുവ, കരടി, കലമാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍, മയില്‍, വേഴാമ്പല്‍, വെള്ളരിപ്രാവ് തുടങ്ങിയ അപൂര്‍വ്വപക്ഷികള്‍, ക്ഷേത്രക്കടവിലെ തിരുമക്കള്‍ (മത്സ്യം) എന്നിവയും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്. കുളത്തൂപ്പുഴ ആറിന്റെയും കല്ലടയാറിന്റേയും പുഷ്ടിപ്രദേശങ്ങളില്‍ ഏറിയ പങ്കും ഉള്‍പ്പെടുന്ന കുളത്തൂപ്പുഴ പഞ്ചായത്ത് കേരളത്തിലെ മലനാട് ഉള്‍പ്പടുന്ന മേഖലയിലാണ്. കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള രണ്ടു പഞ്ചായത്തുകളില്‍ ഒന്നാണ് കുളത്തൂപ്പുഴ. ഈ പഞ്ചായത്തിന്റെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും, തെക്ക് തിരുവനന്തപുരം ജില്ലയും, പടിഞ്ഞാറ് അലയമണ്‍, ഏരൂര്‍ പഞ്ചായത്തുകളും വടക്ക് തെന്മല, ആര്യന്‍കാവ് എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്ക് സിംഹഭാഗവും കല്ലടയാറും കല്ലട ജലസംഭരണിയും പങ്കിടുമ്പോള്‍, വടക്ക് കിഴക്ക് അതിര്‍ത്തിയായി തീര്‍ത്തക്കരമലയും, പെരിയനുരുട്ടിമലയും, കിഴക്കുഭാഗത്തായി മുനിയാല്‍കോവില്‍മൊട്ട, രത്നമല, കരിമലക്കടക്കല്‍ എന്നീ മലകള്‍ അടങ്ങുന്ന മലനിരയുമാണ്. ഈ പഞ്ചായത്തിന്റെ ജീവനാഡിയായ കുളത്തൂപ്പുഴയാര്‍ പഞ്ചായത്തിന്റെ മദ്ധ്യത്തിലൂടെ ഒഴുകി കല്ലട ജലസംഭരണിയില്‍ ചെന്നുചേരുന്നു. പഞ്ചായത്തിന്റെ ജനവാസത്തിന്റെ ഭൂരിഭാഗവും കൂളത്തൂപ്പുഴ ആറിന്റെ ഇരുകരകളിലുമായി തിങ്ങിപ്പാര്‍ക്കുന്നു. കുളത്തൂപ്പുഴയാറിന്റെ രണ്ട് പോഷകനദിയായ പോങ്ങുമലയാറും, കുറവന്‍ കുറത്തിയാറും പഞ്ചായത്തിന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം-ചെങ്കോട്ട, കൊല്ലം-കുളത്തൂപ്പുഴ എന്നീ പ്രധാന റോഡുകള്‍ പഞ്ചായത്തിനെ കേരളത്തിലെ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്നു. ഭൂപ്രകൃതി അനുസരിച്ച് കുളത്തൂപ്പുഴ പഞ്ചായത്തിനെ പ്രധാനമായും 4 മേഖലകളായി തരം തിരിക്കാം:താഴ്വരകള്‍,180 മുതല്‍ 270 വരെ ചരിവുള്ള പ്രദേശങ്ങള്‍, 270 യില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങള്‍,കല്ലട ജല സംഭരണി. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഭൂവിസ്തൃതിയുടെ 2.51% വരുന്ന താഴ്വരകള്‍ കൂളത്തൂപ്പൂഴ ആറിന്റെയൂം കല്ലടയാറിന്റെയും നദീതടങ്ങളാണ്. വേനല്‍ക്കാല വര്‍ഷകാല ഭേദമന്യേ എല്ലാ സമയവും വെള്ളം സുലഭമായി ലഭിക്കുന്നു.പഞ്ചായത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും താമസിക്കുന്നത് 180 മുതല്‍ 270 വരെ ചരിവുള്ള പ്രദേശങ്ങളിലാണ്. ഇത്തരം പ്രദേശങ്ങളില്‍ മിശ്രിതവിളകളും മിശ്രിതമരങ്ങളുമാണ് സാധാരണയായി കണ്ടുവരുന്നത്. പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 44.56% ഭൂമിയും 270 യില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളാണ്. പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തേയില തോട്ടങ്ങള്‍, റോസ് മല, സംരക്ഷിതവനമേഖലയുടെ ഭൂവിഭാഗങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. കല്ലട ജലസംഭരണി പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 1.85% പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. കുളത്തൂപ്പുഴ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കരിമല കടക്കംകുന്നാണ്. ഇതിനു സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1758 മീറ്റര്‍ ഉയരമുണ്ട്. പഞ്ചായത്തിലെ മറ്റു പ്രധാന കുന്നുകളും അവയുടെ ഉയരവും താഴെകൊടുത്തിരിക്കുന്നു.ആള്‍വാ കുറിച്ചി -1550മീറ്റര്‍,പോങ്ങുമല-1510മീറ്റര്‍ കമ്പക്കല്ലുമൊട്ട1169 മീറ്റര്‍,ചൂടിമല-1100 മീറ്റര്‍,തെക്കേ മല-850 മീറ്റര്‍.കുളത്തൂപ്പുഴ പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 50.68% ഭൂമിയും സമുദ്രനിരപ്പില്‍ നിന്നും 100 മീറ്ററിനും 200 മീറ്ററിനും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. ജനവാസം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും ഈ പ്രദേശത്താണ്. 100 മീറ്ററില്‍ താഴെ 4.77% ഭൂമിയും 200 മീറ്ററിനും 300 മീറ്ററിനും മദ്ധ്യേ ആയി 7.65% ഭൂമിയും വ്യാപിച്ചു കിടക്കുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കു ദിശയിലേക്കു പോകുംതോറും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം ക്രമാനുഗതമായി കൂടി വരുന്നതായി കാണാം. സമുദ്രനിരപ്പില്‍ നിന്നും 300 മീറ്റര്‍ മുകളില്‍ വരുന്ന എല്ലാ മേഖലകളുടെയും ഭൂരിഭാഗം സംരക്ഷിത വനങ്ങളാണ്. 300 മീറ്ററിനും 400 മീറ്ററിനും ഇടയില്‍ മൊത്തം ഭൂവിസ്തൃതിയുടെ 5.07% വും 400 മീറ്ററിനും 500 മീറ്ററിനും മദ്ധ്യേ വരുന്ന മേഖല 5.04 % വും ആണ്. 500 മീറ്ററിനും 700 മീറ്ററിനും ഇടയിലായി 11.97 % ഭൂമിയും, 700 മീറ്ററിനും 1000 മീറ്ററിനും ഇടയില്‍ 8.05% ഭൂമിയും വ്യാപിച്ചു കിടക്കുന്നു. മൊത്തം ഭൂവിസ്തൃതിയുടെ 6.19% ഭൂമി 1000 മീറ്ററിനും 1500 മീറ്ററിനും ഇടയില്‍ സ്ഥിതി ചെയ്യുമ്പോള്‍ 1500 മീറ്ററിന് മുകളില്‍ വരുന്നത് 0.58% ഭൂമി മാത്രമാണ്. പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 80% ത്തോളം വരുന്ന ചെങ്കല്‍ മണ്ണ് പ്രധാനമായും മലനിരകളിലും കുന്നിന്‍ ചരിവുകളിലുമായി വ്യാപിച്ചു കിടക്കുന്നു. അര മീറ്റര്‍ മുതല്‍ 4 മീറ്റര്‍ വരെ കനത്തില്‍ ഈ മണ്ണ് കാണപ്പെടുന്നു. പാറ പൊടിഞ്ഞു മണ്ണുണ്ടാകുന്ന പ്രക്രിയ ഇവിടുത്തെ റോഡ് തിട്ടകളില്‍ വ്യക്തമായി കാണാവുന്നതാണ്. പിതൃശില അപക്ഷയം സംഭവിച്ച് ചെങ്കല്ലും ചെങ്കല്‍ മണ്ണും ഉണ്ടാകുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. പഞ്ചായത്തിലെ നെല്‍ വയലുകളിലും നദീതടങ്ങളിലും മാത്രമായി കണ്ടുവരുന്ന നദീജന്യ എക്കല്‍ മണ്ണില്‍ മണലിന്റെ അംശം കുറവും കളിമണ്ണിന്റെ അംശം കൂടതലായുമാണ് കണ്ടുവരുന്നത്. വനങ്ങളില്‍ മാത്രമായി കണ്ടുവരുന്ന ജൈവാംശം കൂടുതലുള്ള ചെങ്കല്‍ മണ്ണിനെ പ്രാദേശികമായി കരിമണ്ണെന്നു പറയുന്നു. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ സംരക്ഷിതവനമേഖലയിലാണ് ഇത്തരം മണ്ണ് കാണപ്പെടുന്നത്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഒരു വര്‍ഷം ശരാശരി 2554 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചുകൊണ്ടിരുന്നത്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ് കുളത്തൂപ്പുഴ ആറും കല്ലട ആറും ആണ്. കുളത്തൂപ്പുഴ ആറിന്റെ 30.6 കി.മീ നീളം പഞ്ചായത്തിന്റെ മദ്ധ്യത്തിലൂടെ ഒഴുകി കല്ലട ജലസംഭരണിയില്‍ എത്തി ചേരുന്നു. കല്ലട ആറിന്റെ 11.5 കി മീ. നീളം പഞ്ചായത്തിന്റെ വടക്കെ അതിരിലൂടെ ഒഴുകുന്നു. ഇതിലുപരി കല്ലട ജലസംഭരണിയുടെ 781 ഹെക്ടര്‍ വിസ്തൃതികളിലുള്ള ജലശേഖരം പഞ്ചായത്തിന്റെ വടക്കേ അതിരിലൂടെ ഒഴുകുന്നു. പ്രധാന ആറുകള്‍ കൂടാതെ ധാരാളം ചെറുതോടുകളും കുളങ്ങളും ഈ പഞ്ചായത്തില്‍ കണ്ടു വരുന്നു. ഇത്രയേറെ ജലസ്രോതസ്സുകള്‍ ഉണ്ടായിട്ടും നിമ്ന്നാന്നത ഭൂപ്രകൃതി ആയതിനാല്‍ പഞ്ചായത്തില്‍ ജലക്ഷാമം രൂക്ഷമാണ്. മഠത്തിക്കോണം, കാഞ്ഞിരോട്ട് കുന്ന്, കൂവക്കാട്, നെടുവണ്ണൂര്‍ക്കടവ്, നെല്ലിമൂട്, സാംനഗര്‍, റോസ്മല, ഇ.എസ്.എം കോളനി എന്നീ പ്രദേശങ്ങളിലെ പ്രമുഖ ജനവാസകേന്ദ്രങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ഇവിടുത്തെ ജലക്ഷാമം പ്രധാനമായും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കുളത്തൂപ്പുഴ പഞ്ചായത്തിലെ താഴ്വരകളിലും, 170 മുതല്‍ 270 വരെ ചരിവുള്ള പ്രദേശങ്ങളിലുമാണ് ജലക്ഷാമത്തിന്റെ രൂക്ഷത അല്പമെങ്കിലും കുറവ്. ഇതില്‍ തന്നെ മേല്‍പ്പറഞ്ഞ ചരിവുകളുടെ മുകളറ്റത്ത് ജലക്ഷാമം രൂക്ഷമാണ്. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 95.65% വും 170 ല്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളാണ്. ഇക്കാരണത്താല്‍ തന്നെ വര്‍ഷക്കാലത്ത് ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കുന്ന മഴവെള്ളത്തിന്റെ സിംഹഭാഗവും ഭൂമിയുടെ ഉള്ളിലേക്ക് ഊര്‍ന്നിറങ്ങാതെ അതിവേഗം ചരിവുകളിലൂടെ ഒഴുകി കുളത്തൂപ്പുഴ ആറിലും അതുവഴി കല്ലട ജലസംഭരണിയിലും എത്തിച്ചേരുന്നു. തന്മൂലം ഭൂഗര്‍ഭജലശേഖരത്തിലേക്ക് ഒരോ വര്‍ഷവും എത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞുവരികയും ഭൂഗര്‍ഭജലനിരക്ക് താഴ്ന്ന് പോകുകയും ചെയ്യുന്നു. ഇത് ജലക്ഷാമത്തിന് ഒരു പ്രധാന ഹേതുവാണ്. പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വയലുകളിലെ മണ്ണില്‍ കളിമണ്ണിന്റെ അംശം കൂടുതലുള്ളതുകൊണ്ട് ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങുന്നതിന് തടസ്സമാകുന്നു. കുളത്തൂപ്പുഴ പഞ്ചായത്തില്‍ അധികം ഭൂമിയിലും സംരക്ഷിതവനങ്ങളാണ് നിലനില്‍ക്കുന്നത്. മൊത്തം ഭൂവിസ്തൃതിയുടെ 78.65%. രണ്ടാമതായി മിശ്രിതവിളകളും മിശ്രിതമരങ്ങളും കൃഷി ചെയ്യുമ്പോള്‍ വയലില്‍ കേവലം 52% ഭൂമിയില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ 89.45% ഭൂമിയും സര്‍ക്കാര്‍ അധീനതയിലാണ്. ഇതില്‍ 78% സംരക്ഷിതവനങ്ങളും 9.55% സര്‍ക്കാര്‍ തോട്ടങ്ങളായ യൂക്കാലിപ്റ്റസ്, തേക്ക്, എണ്ണപ്പന എന്നിവയും കൃഷി ചെയ്യുന്നു. കല്ലട പദ്ധതി പ്രവര്‍ത്തനമായതോടെ 781 ഹെക്ടര്‍ ഭൂമി അതായത് മൊത്തം ഭൂവിസ്തൃതിയുടെ 1.84% വെള്ളത്തിനടിയിലാവുകയും ചെയ്തു. അങ്ങനെ ജനങ്ങള്‍ക്ക് കൃഷി ചെയ്യുവാന്‍ ലഭ്യമായത് കേവലം 10.55% ഭൂമി മാത്രമാണ്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഭൂമിക്ക് ലഭ്യമായ 4477 ഹെക്ടര്‍ ഭൂപ്രദേശത്ത് പ്രധാനമായും മിശ്രിതമരങ്ങളും മിശ്രിത വിളകളും ആണ്. റബ്ബര്‍ തോട്ടങ്ങള്‍, തേയിലതോട്ടങ്ങള്‍, നെല്‍വയലുകള്‍ എന്നിവയാണ് മറ്റു പ്രധാന കൃഷികള്‍. കേരളത്തിലെ ധാതുസമ്പത്ത് ഭൂപടത്തില്‍ കുളത്തൂപ്പുഴ പഞ്ചായത്തിന് പ്രത്യേക പ്രധാന്യം നേടിത്തരുന്നു. രത്നക്കല്ലുകളുടെ നിക്ഷേപം പഞ്ചായത്തിലെ ശെന്തുരുണി, കുളത്തൂപ്പുഴ എന്നീ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. കുളത്തൂപ്പുഴ ആറിന്റെയും ശെന്തുരുണിയാറിന്റെയും എക്കല്‍ അടിഞ്ഞുകൂടുന്ന തടങ്ങളിലും കരകളിലുമായി രത്നക്കല്ലുകളുടെ ഖനനം നടക്കുന്നുണ്ട്. കുളത്തൂപ്പുഴ ആറും ശെന്തുരുണിയാറും ഒഴുകുന്ന കായന്തരിത ശിലകളിലെ പെഗ്മറ്റൈറ്റ് അന്തര്‍വേദങ്ങള്‍ ആണ് രത്നക്കല്ലുകളുടെ ഉറവിടം. ഭൌതികവും രാസപരവുമായ കാരണങ്ങള്‍ കൊണ്ട് പെഗ്മറ്റൈറ്റ് അന്തര്‍വേദങ്ങളുടെ അപക്ഷയം നടന്ന് ഒഴുകുന്ന വെള്ളത്തിലൂടെ രത്നക്കല്ലുകള്‍ പുഴയിലെത്തുന്നു.കുളത്തൂപ്പുഴ പഞ്ചായത്ത് ഉള്‍പ്പെടുന്ന കൊല്ലം ജില്ലയുടെ മലനിരകളെല്ലാം “മലനാട്” എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ കുളത്തൂപ്പുഴ പഞ്ചായത്ത് സ്ഥിതിചെയ്യുന്ന 424.06 ച.കി .മി വിസ്തീര്‍ണ്ണവും ഉള്‍പ്പെടുന്നു. അഥവാ മലനാട് എന്ന കാര്‍ഷിക കാലാവസ്ഥാ മേഖലയില്‍ 4.78% കുളത്തൂപ്പുഴ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഇത്തരം കാര്‍ഷിക കാലാവസ്ഥ മേഖലയിലെ പ്രധാന കൃഷി, റബ്ബര്‍, കുരുമുളക്, തെങ്ങ് എന്നിവയാണ്. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 89.65% അതായത് 37931 ഹെക്ടര്‍ ഭൂമിയും സംരക്ഷിതവനങ്ങളായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംരക്ഷിതവനമേഖലയുടെ ഉള്ളില്‍ 4050 ഹെക്ടര്‍ ഭൂപ്രദേശത്ത് തേക്ക്, യൂക്കാലിപ്റ്റ്സ്, എണ്ണപ്പന, വെള്ളത്തടിമരങ്ങള്‍ എന്നിവ വച്ചുപിടിപ്പിച്ചിരിക്കുകയാണ്. ഇതിനുപുറമേ കല്ലട ജലസംഭരണി പ്രവര്‍ത്തനക്ഷമമായതോടെ 781 ഹെക്ടര്‍ സംരക്ഷിത വനമേഖല വെള്ളത്തിനടിയിലാവുകയും ചെയ്തു. അങ്ങനെ 4831 ഹെക്ടര്‍ വനപ്രദേശം മറ്റുള്ള ആവശ്യങ്ങള്‍ക്കായി വെട്ടിമാറ്റി സംരക്ഷിത വനമേഖലയുടെ വിസ്തൃതി 33100 ഹെക്ടര്‍ ഭൂമിയായി ചുരുങ്ങി. അതായത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന സംരക്ഷിതവനങ്ങളുടെ 12.7% ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്.
പൊതുസ്ഥിതി
950.756 ച:കി:മി വിസ്തൃതിയുള്ള അഞ്ചല്‍ ബ്ളോക്കിന്റെ 44.6% വരുന്ന കുളത്തൂപ്പുഴ പഞ്ചായത്തില്‍ അഞ്ചല്‍ ബ്ളോക്കിലെ ആകെ ജനസംഖ്യയുടെ 15.79% ആളുകള്‍ മാത്രമേ താമസിക്കുന്നുള്ളൂ. സ്ത്രീ-പുരുഷ അനുപാതത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കുളത്തൂപ്പുഴ പഞ്ചായത്തിലെ 1000 പുരുഷന്മാര്‍ക്ക് 1025 സ്ത്രീകളാണുള്ളത്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഏറ്റവും അധികം ജനങ്ങള്‍ താമസിക്കുന്നത് വാര്‍ഡ് 11 ലും ഏറ്റവും കുറവു വാര്‍ഡ് 9 ലും ആകുന്നു. പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ ഏതാനും ചില വാര്‍ഡുകളില്‍ മാത്രമായി ഒതുങ്ങിക്കൂടിയിരിക്കുന്നു. ഇവര്‍ ഏറ്റവും കൂടുതലായി താമസിക്കുന്നത് 2,7,11 എന്നീ വാര്‍ഡുകളിലാകുന്നു. പട്ടിക ജാതിക്കാര്‍ ഏറ്റവും കുറവ് വാര്‍ഡ് 9 ലും ആണ്. ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കുളത്തൂപ്പുഴ വിദ്യാഭ്യാസ മേഖലയില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കുളത്തൂപ്പുഴയില്‍ 4 ഹൈസ്ക്കൂളും, 3 യു പി സ്ക്കൂളുകളും 7 എല്‍ പി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. 19 കിലോമീറ്റര്‍ ദൂരെയാണ് അഞ്ചല്‍ കോളേജ്. കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഏക സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടെക്നിക്കല്‍ ഹൈസ്ക്കൂള്‍. കുളത്തൂപ്പുഴ പഞ്ചായത്തിലെ മുഖ്യ കുടിനീര്‍ കേന്ദ്രം കിണറുകളാണ്. 82% വീടുകളിലും കിണറുകളുണ്ട്. 18% കുടുംബങ്ങള്‍ അയല്‍ വീടുകളിലെ കിണറുകളെയും പൈപ്പുകളേയും ആശ്രയിക്കുന്നു. ചെറുകരയില്‍ ലോക ബാങ്ക് പദ്ധതിപ്രകാരം അനുവദിച്ച വാട്ടര്‍ സപ്ളൈസ് സ്ക്കീം ഉണ്ട്.കുളത്തൂപ്പുഴയില്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍പേഷ്യന്റ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ കെട്ടിടവും ഡോക്ടര്‍മാര്‍ക്കും സ്റ്റാഫുകള്‍ക്കും താമസിക്കുന്നതിനു വേണ്ടിയുള്ള ക്വാര്‍ട്ടേഴ്സും ഉണ്ട്. രണ്ട് ഡോക്ടര്‍മാരാണ് ഇവിടെ ഉള്ളത്. മൂന്ന് സ്റ്റാഫ് നേഴ്സും ഫീല്‍ഡ് വര്‍ക്കര്‍ന്മാരും പ്രവര്‍ത്തിക്കുന്നു. സബ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. 2 ആയുര്‍വേദ ആശുപത്രികളും ഉണ്ട്. വില്ലുമലയിലും ചന്ദനക്കാവിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജനപങ്കാളിത്തത്തോടെ നാട്ടുകാര്‍ ബഡ്ഡുകളും മൈക്രോസ്ക്കോപ്പും വാങ്ങി ആശുപത്രിക്ക് നല്‍കിയിട്ടുണ്ട്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ 4 സ്വകാര്യ ആശുപത്രികളുണ്ട്. സ്വകാര്യ ലബോറട്ടറികള്‍ 3 എണ്ണം ഉണ്ട്. ഒരു പ്രൈവറ്റ് എക്സ്റേ യൂണിറ്റുണ്ട്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ മെച്ചപ്പെട്ട റോഡുകളുടെ ശൃംഖല തന്നെയുണ്ട്. പഞ്ചായത്തിലെ മൊത്തം റോഡുകളുടെ എണ്ണം 104 ആണ്. റോഡുകളുടെ നീളം 165 കി.മീ ആണ്. പഞ്ചായത്തു കമ്മിറ്റി ജനപങ്കാളിത്തത്തോടെ കെ എസ് ആര്‍ ടി സി ബസ്സ് ഡിപ്പോ ആരംഭിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ നിന്നും 29 കി..മീ ദൂരം ഉള്ള ആയൂര്‍, 10 കി.മീ ഇടമണ്‍ 110 കെ.വി സബ്സ്റ്റേഷനുകളില്‍ നിന്നുമാണ് കുളത്തൂപ്പുഴ പഞ്ചായത്തിനാവശ്യമായ വൈദ്യുതി എത്തുന്നത്. തെന്മല, അഞ്ചല്‍, കടയ്ക്കല്‍ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളുടെ കീഴിലാണ് കുളത്തൂപ്പുഴയുടെ വൈദ്യുത ഗുണഭോക്താക്കള്‍. കുളത്തൂപ്പുഴയില്‍ ഒരു മാതൃകാപോസ്റ്റാഫീസും 2 സബ് പോസ്റ്റാഫീസുകളും 6 ബ്രാഞ്ച് പോസ്റ്റാഫീസുകളും പ്രവര്‍ത്തിക്കുന്നു. കുളത്തൂപ്പുഴയില്‍ സഹകരണ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായിട്ടുണ്ട്. രണ്ടു സഹകരണ സംഘങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കും, കടമാന്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കും. കൊല്ലവര്‍ഷം 1105 ല്‍ കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് രാമവര്‍മ്മ രാജാവാണ് ആരംഭിച്ചത്. അംഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് പരസ്പരസഹായ സഹകരണസംഘം എന്ന പേരിലാണ് ആരംഭിച്ചത്. തുടര്‍ന്ന് ‘വിവിധോദ്ദേശ സംഘം’ എന്ന പേരിലായി. തുടര്‍ന്നാണ് സര്‍വ്വീസ് സഹകരണ ബാങ്കായി മാറിയത്.
ജില്ല | : | കൊല്ലം |
ബ്ളോക്ക് | : | അഞ്ചല്‍ |
വിസ്തീര്‍ണ്ണം | : | 424.06 ച.കി.മീ. |
വാര്‍ഡുകളുടെ എണ്ണം | : | 21 |
| ||
ജനസംഖ്യ | : | 36468 |
പുരുഷന്‍മാര്‍ | : | 16431 |
സ്ത്രീകള്‍ | : | 16840 |
ജനസാന്ദ്രത | : | 78 |
സ്ത്രീ : പുരുഷ അനുപാതം | : | 1025 |
മൊത്തം സാക്ഷരത | : | 86.62 |
സാക്ഷരത (പുരുഷന്‍മാര്‍) | : | 90.56 |
സാക്ഷരത (സ്ത്രീകള്‍) | : | 82.82 |